ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം രൂക്ഷമായതിനെത്തുടർന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും അടിയന്തരമായി റദ്ദാക്കി. യുഎഇ വിമാനത്താവള അധികൃതരിൽ നിന്നുള്ള നിർദേശത്തെത്തുടർന്നാണ് നടപടി.
മാർച്ച് 15ന് ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള ഭൂരിഭാഗം സർവീസുകളും റദ്ദാക്കി. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഡൽഹി - ദുബായ് റൂട്ടിൽ ഓരോ സർവീസ് മാത്രമാണ് ഇന്ന് നടത്തുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് അബുദാബിയിലേക്കുള്ള അഞ്ച് സർവീസുകളും പൂർണമായും റദ്ദാക്കി.
ഷാർജയിലേക്കുള്ള വിമാനങ്ങൾ (കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ഉൾപ്പെടെ) നിലവിൽ ഷെഡ്യൂൾ പ്രകാരം തുടരുമെന്ന് അറിയിപ്പുണ്ടെങ്കിലും യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെടാൻ നിർദ്ദേശമുണ്ട്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇത് മേഖലയിലെ വ്യോമഗതാഗതത്തെ ബാധിച്ചു.
സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായും തിരികെ ലഭിക്കും. അല്ലെങ്കിൽ സൗജന്യമായി മറ്റൊരു തീയതിയിലേക്ക് ടിക്കറ്റ് മാറ്റാം. ഇറാനിലെ പ്രധാന നഗരങ്ങളിൽ അമേരിക്കയും ഇസ്രയേലും ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.